കൗമാര കായിക മാമാങ്കം ചൊവ്വാഴ്ച മുതല്‍
തിരുവനന്തപുരം: 56ാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ് ഡിസംബര്‍ നാല് മുതല്‍ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കും. അത്ലറ്റിക്സ് ഇനങ്ങള്‍ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലും ത്രോ ഇനങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലുമാണ് അരങ്ങേറുക. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരക്ക് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് കായികമേള ഉദ്ഘാടനം ചെയ്യും. ഏഴിന് സമാപനസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനങ്ങള്‍ വിതരണംചെയ്യും.95 ഇനങ്ങളിലായി 2700 ഓളം കായികപ്രതിഭകളാണ് മീറ്റില്‍ പങ്കെടുക്കുന്നത്. 1355 ആണ്‍കുട്ടികളും 1272 പെണ്‍കുട്ടികളും. 700 ഓളം ഒഫിഷ്യലുകളുമുണ്ടാകും. 17 ഇടങ്ങളിലാണ് കുട്ടികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കായികമേളയുടെ ദീപശിഖാപ്രയാണം ഞായറാഴ്ച വൈകുന്നേരം ആറിന് എറണാകുളം മഹാരാജാസ് കോളജില്‍ നിന്നാരംഭിക്കും. മന്ത്രി കെ. ബാബു കൈമാറുന്ന ദീപശിഖ ആലപ്പുഴ, കൊല്ലം ജില്ലകളിലൂടെ സഞ്ചരിച്ച് മൂന്നിന് രാവിലെ ഒമ്പതരക്ക് തലസ്ഥാന ജില്ലാ അതിര്‍ത്തിയായ കല്ലമ്പലത്തെത്തും. വര്‍ക്കല കഹാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
ജില്ലയിലെ വിവിധ സ്കൂളുകളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകുന്നേരം നാലിന് പി.എം.ജി ജങ്ഷനിലെത്തും. കോമണ്‍വെല്‍ത്ത് താരം ഷര്‍മി ഉലഹന്നാന്‍ ദീപശിഖ ഏറ്റുവാങ്ങി 4.15 ന് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരും. മന്ത്രി അനൂപ് ജേക്കബ് ദീപശിഖ ഏറ്റുവാങ്ങി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറും.
നാലിന് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ദീപം തെളിയുന്നതോടെ നാല് ദിവസം നീളുന്ന കായികമേളക്ക് തുടക്കമാകും. ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്കൂള്‍ കുട്ടികളുടെ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ മിലിട്ടറിയുടെ മദ്രാസ്, ജമ്മുകശ്മീര്‍ റെജിമെന്‍റുകള്‍ അവതരിപ്പിക്കുന്ന ബാന്‍ഡ് വിത്ത് ഡിസ്പ്ളേയുമുണ്ടായിരിക്കും.
കായികമേളയില്‍ പങ്കെടുക്കുന്ന കുട്ടികളുടെയും ജില്ലകളുടെയും രജിസ്ട്രേഷന്‍ ഡിസംബര്‍ മൂന്നിന് ഉച്ചക്ക് ഒരു മണിക്ക് ഓവര്‍ബ്രിഡ്ജിന് സമീപത്തെ എസ്.എം.വി.എച്ച്.എസ്.എസില്‍ ആരംഭിക്കും. 3500 പേര്‍ക്കുള്ള ഭക്ഷണവും എസ്.എം.വി സ്കൂളിലെ ഭക്ഷണപന്തലില്‍ വിതരണം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു. പഴയിടം മോഹനന്‍നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭക്ഷണമൊരുക്കുന്നത്.
സിറ്റിപൊലീസിന്‍െറ സഹായത്തോടെ എന്‍.പി.സി, എന്‍.സി.സി, സ്കൗട്ട് തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് നിയമപാലനം നടത്തുക. ഐ.ടി@സ്കൂളിന്‍െറ സഹായത്തോടെ www.schoolsports.in എന്ന വെബ്സൈറ്റിലൂടെ വിവരങ്ങള്‍ ഉടനടി അറിയാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മേളയില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്കും ഒഫിഷ്യലുകള്‍ക്കും അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കായികതാരങ്ങള്‍ക്കുള്ള ഉത്തേജകമരുന്ന് പരിശോധനക്കായി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ നാഡയുടെ സേവനം ഈ ചാമ്പ്യന്‍ഷിപ്പിലും ലഭ്യമാക്കും.
അടുത്തവര്‍ഷം ജനുവരിയില്‍ ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നടക്കുന്ന ദേശീയസ്കൂള്‍ കായികമേളയില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന ടീമിനെ ഈ മേളയില്‍ നിന്നാണ് തെരഞ്ഞെടുക്കുക. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് റൂഫസ് ഡാനിയല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ചാക്കോജോസഫ്, പബ്ളിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ഡി.ജെ. സാം ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്നു.